Sunday, March 8, 2009

പ്രവാചക സാന്നിദ്ധ്യം

പ്രവാചകരേ... ആഗ്രഹിച്ചു പോവുകയാണ്‌...
ഈ നൈമിഷികതയെപ്പോലും ശാശ്വതമായി കരുതുന്നിടത്ത്..
മനസുകള്‍, വെട്ടിപ്പിടിക്കാന്‍ മാത്രം കൊതിക്കുന്ന ലോകത്ത്...
സമ്പന്നതയാണ്‌ സൗന്ദര്യമെന്ന്, സുഖ സൗകര്യങ്ങളാണ്‌ സകലമെന്ന് ധരിച്ചു പോകുന്ന... വര്‍ണ്ണ ശബളിമകള്‍ക്കിടയില്‍‌പ്പെട്ട് വഴിയുഴറുന്ന
മനുഷ്യര്‍ക്കിടയില്‍...

'സമുദ്രത്തില്‍ മുക്കിയ വിരല്‍ത്തുമ്പില്‍ ഏല്‍ക്കുന്ന വെള്ളത്തോട്
ഭൗതികതയെ ഉപമിച്ചു' കാണിച്ച
അങ്ങയുടെ സാന്നിദ്ധ്യം...

ഇബ്നു ഉമറിന്റെ ചുമലില്‍ പിടിച്ച്
"ഇഹലോകത്ത് നീ ഒരു പ്രവാസിയെപ്പോലെയാവുക,
അല്ലെങ്കില്‍ ഒരു വഴിപോക്കനെപ്പോലെയാവുക" എന്നു പഠിപ്പിച്ച‍
അങ്ങയുടെ സാന്നിദ്ധ്യം...

ദൈവ വിശ്വാസത്തിന്റെ കുത്തകാവകാശം
പൗരോഹിത്യത്തിന്റെ കയ്യിലമരുകയും
ആത്മീയതയില്‍ അന്ധ വിശ്വാസങ്ങള്‍ നിറഞ്ഞു തുളുമ്പുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍...

ആത്മീയതയുടെ സുതാര്യതയും നിറസൗന്ദര്യവും കാണിച്ചു തരാന്‍...

ഒരാള്‍ ദൈവത്തോട് ഒരു ചാണ്‍ അടുക്കുമ്പോള്‍
ദൈവം അയാളോട് ഒരു മുഴം അടുക്കുമെന്നറിയിച്ച..

"ദൈവം കണ്ഠനാഡിയേക്കാള്‍ അടുത്തിരിക്കുന്നു"വെന്ന വേദവാക്യമോതിക്കേള്‍പ്പിച്ച
അങ്ങയുടെ സാന്നിദ്ധ്യം...

സ്വന്തം പുത്രനായ ഇബ്രാഹീമിന്റെ മരണസമയത്തു തന്നെ സൂര്യഗ്രഹണമുണ്ടായപ്പോള്‍
'ഇബ്രാഹീമിന്റെ മരണത്തില്‍ പ്രകൃതി പോലും ദുഃഖം കൊള്ളുന്നു' വെന്നു പ്രചരിപ്പിച്ച ജനങ്ങളെ വിളിച്ച്,
സൂര്യനും ചന്ദ്രനുമെല്ലാം ദൈവത്തിന്റെ ദൃഷാന്തങ്ങളാണെന്നും ജനനമരണങ്ങളുമായി ബന്ധമില്ലെന്നും വിളംബരം ചെയ്തു മാതൃക കാട്ടിയ അങ്ങയുടെ സാന്നിദ്ധ്യം...

ജീവിതം തുടങ്ങാന്‍, ഇണ ചേരാന്‍, ഒരു പിതാവാകാന്‍, മാതാവാകാന്‍..
ജീവിതത്തിന്റെ ഓരോ ഘട്ടവും സാക്ഷാല്‍ക്കരിക്കപ്പെടാന്‍
സമ്പന്നത അനിവാര്യമാക്കുന്ന ആചാരങ്ങളാല്‍
വികൃതമാക്കപ്പെട്ട ജീവിതത്തില്‍ ഞെരുങ്ങിപ്പോകുന്ന മനുഷ്യര്‍ക്കിടയില്‍...

പ്രാതലെന്തെങ്കിലും കഴിക്കാനായി
ഭാര്യമാരുടെ വീടുകളോരോന്നും കയറിയിട്ടും
ഒന്നും കഴിക്കാനില്ലെന്ന മറുപടി കേട്ട്
"എന്നാലെനിക്കിന്നു നോമ്പാണെ"ന്നു പറഞ്ഞ്
ജീവിതത്തില്‍ ലാളിത്യത്തിന്റെ ഔന്നിത്യം കാണിച്ച അങ്ങയുടെ സാന്നിദ്ധ്യം...

മനുഷ്യ മനസ്സുകള്‍ സമാധാനം തേടിയലയുമ്പോള്‍..
കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ശാന്തി കേന്ദ്രങ്ങളില്‍
ശാന്തിയുടെ പാക്കേജുകള്‍ തയ്യാറാക്കപ്പെടുമ്പോള്‍...
സ്വന്തം മനസിലും ചിന്തയിലും തന്നെയാണു ശാന്തി കണ്ടെത്തേണ്ടതെന്നറിയാതെ വിഡ്ഢികളായിപ്പോവുന്ന പാമരര്‍ക്കിടയില്‍ ...

"ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്; അതു നന്നായാല്‍ മുഴുവനും നന്നായി,
അതു ചീത്തയായാല്‍ മുഴുവനും ചീത്തയായി" എന്നുരുവിട്ട.. "
ഹൃദയങ്ങള്‍ ശാന്തിയടയുന്നത് ദൈവസ്മരണ കൊണ്ടാണെ"ന്ന വേദവാക്യം ഓതിത്തന്ന
അങ്ങയുടെ സാന്നിദ്ധ്യം...

വിശ്വാസത്തിന്റെ അന്തരം മാത്രമല്ല, കൊടിയുടെ നിറവ്യത്യാസം പോലും
സ്വന്തം സഹോദരന്റെ ജീവനെടുക്കുന്നതിന്ന് കാരണമാകുന്ന ഈ കാലത്ത്
"വര്‍ഗ്ഗീയതയിലേക്ക് ക്ഷണിക്കുന്നവനും വര്‍ഗ്ഗീയതയില്‍ പെട്ട് മരിക്കുന്നവനുംനമ്മില്‍ പെട്ടവനല്ല" എന്നു പ്രഖ്യാപിച്ച,
"അന്യായത്തിന്‌ കൂട്ടു നില്‍ക്കുന്നതാണ്‌ വര്‍ഗ്ഗീയത" എന്നു പഠിപ്പിച്ച
അങ്ങയുടെ സാന്നിദ്ധ്യം...

സ്വന്തം മകളെ, ആധുനിക കല്യാണച്ചന്തയില്‍ കച്ചവടത്തിനിറക്കാനാവാതെ തപിക്കുന്ന ഹൃദയവും നിറയുന്ന കണ്ണുകളുമായി കഴിയുന്ന പിതാവിന്റെ മുമ്പില്‍

സ്വന്തം മകളെ ജീവനോടെ കുഴിച്ചു മൂടിയ കഥ ഏറ്റു പറഞ്ഞ ഗ്രാമീണന്റെ വിവരണം കേട്ട് കവിളിലൂടെ, താടി രോമത്തിലൂടെ കണ്ണീരൊലിച്ചിറങ്ങിയ അങ്ങയുടെ സാന്നിദ്ധ്യം..

കര്‍മ്മങ്ങളുടെ പ്രതിഫലം ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണെന്നു പഠിപ്പിച്ച
മുകളിലേക്കു നോക്കിയല്ല, താഴേയ്ക്കു നോക്കി ജീവിക്കാന്‍, അതാണ്‌ നല്ലതെന്ന് പഠിപ്പിച്ച അങ്ങയുടെ ജീവിത രീതി മനുഷ്യര്‍ പകര്‍ത്തിയെങ്കില്‍...!